ചെമ്മരുതി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (NABH) വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കി. കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽസ് (KASH) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടന്ന പരിശോധനയിൽ ചികിത്സാ സൗകര്യങ്ങൾ, രോഗീസുരക്ഷാ സംവിധാനങ്ങൾ, മരുന്ന് വിതരണം, ശുചിത്വം, രേഖകളുടെ പരിപാലനം, ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ തുടങ്ങിയ വിവിധ മേഖലകൾ വിശദമായി വിലയിരുത്തി. NABH നാഷണൽ അസസ്സർ ഡോ. പ്രിയദേവിന്റെ നേതൃത്വത്തിൽ ഡോ. രാഹുൽ, ഡോ. രാജി, ഡോ. നീതു എന്നിവർ അടങ്ങിയ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ അനീഷ്, രഞ്ജിനി, സിംല, മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ, ആശുപത്രി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. പരിശോധനാ റിപ്പോർട്ട് NABH-ന് സമർപ്പിച്ച ശേഷം അന്തിമ അംഗീകാരം ലഭിക്കും. അംഗീകാരം ലഭിക്കുന്നതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ആയുർവേദ ചികിത്സ ഉറപ്പാക്കാൻ സാധിക്കും. ചെമ്മരുതിയുടെ ആരോഗ്യരംഗത്ത് അഭിമാനകരമായൊരു മുന്നേറ്റമാണിത്.
