കർഷകർക്കൊപ്പം ചെമ്മരുതി; ഞാറ്റുവേല ചന്തയ്ക്ക് ഉണർവേകി

Share

ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 4 ശനിയാഴ്ച കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാരിഷ് ജി. പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ഗീത നളൻ അധ്യക്ഷത വഹിച്ചു. കർഷകരുടെ ആവശ്യങ്ങളും കാർഷിക മേഖലയിലെ സാധ്യതകളും ചർച്ച ചെയ്യുന്നതിനൊപ്പം കർഷകർക്ക് നേരിട്ട് വിപണി ലഭ്യമാക്കുന്നതിനും പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമുള്ള വേദിയായി കർഷക സഭയും ഞാറ്റുവേല ചന്തയും മാറി. ഞാറ്റുവേല ചന്തയിൽ കർഷകരിൽ നിന്ന് ശേഖരിച്ച വിവിധയിനം നടീൽ വസ്തുക്കൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ തുടങ്ങിയവ വിപണനം നടത്തി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഇടനിലക്കാരുടെ ആശ്രയം കുറയ്ക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും. കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും പരമ്പരാഗത കാർഷിക അറിവുകളും നാട്ടുവിത്തുകളും സംരക്ഷിക്കുകയും ചെയ്യുക എന്നതും ഇത്തരം കൂട്ടായ്മകളുടെ ലക്ഷ്യമാണ്. കർഷകരും ഉപഭോക്താക്കളും നേരിട്ട് ബന്ധപ്പെടുന്ന ഇത്തരം വേദികൾ ചെമ്മരുതിയുടെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകട്ടെ. നാടിന്റെ മണ്ണിനെയും കർഷകരെയും ചേർത്തുപിടിച്ച് സമൃദ്ധമായ കാർഷിക ഭാവിക്കായി ഒരുമിച്ച് മുന്നേറാം.